ധർമ്മടം: കേരളം ഉറ്റുനോക്കിയ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ കടുത്ത മത്സരം നേരിട്ടെങ്കിലും, പിന്നീട് ലീഡ് നില ഉയർത്തി പിണറായി വിജയൻ 19,247 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു കയറി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.പി അബ്ദുൽ റഷീദിന്റെ വെല്ലുവിളിയെ അതിജീവിച്ചുകൊണ്ട് നേടിയ ഈ വിജയം ഇടതുപക്ഷ ക്യാമ്പുകൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ എൽ.ഡി.എഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മുതൽ പിണറായി വിജയൻ പിന്നിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പിണറായി വിജയൻ വ്യക്തമായ ലീഡ് നേടിയിരുന്ന റൗണ്ടുകളിൽ പോലും ഇത്തവണ യു.ഡി.എഫ് മുന്നിലെത്തിയത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കവെ ലീഡ് നില തിരിച്ചുപിടിക്കാനും ഭൂരിപക്ഷം 19,000 കടത്താനും അദ്ദേഹത്തിന് സാധിച്ചു.

