വാൽപ്പാറ: വിനോദയാത്രാ സംഘം സഞ്ചരിച്ച മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം. പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ.പി സ്കൂളിൽ നിന്നുള്ള അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

