തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെയും മുഹമ്മദ് ഫർമാനും വിവാഹിതരായി. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ക്ഷേത്ര കമ്മിറ്റിയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പൂജാരി നൽകിയ താലിയും കുങ്കുമവും ചാർത്തി ഫർമാൻ മൊണാലിസയെ ജീവിതസഖിയാക്കി.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്രാ സ്വദേശിയായ ഫർമാനും അഭിനേതാക്കളാണ്. ഒരു സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ഇരുവരും കേരളത്തിൽ എത്തിയത്. കഴിഞ്ഞ ആറുമാസക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സിനിമാ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും, ഈ ആറു മാസത്തെ പ്രണയം 60 വർഷം പോലെയാണ് തോന്നിയതെന്നും ഫർമാൻ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടിവരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ കേരളം വിവാഹത്തിനായി തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു. കേരളം ചുറ്റിക്കറങ്ങാൻ ഇറങ്ങിയപ്പോൾ അമ്പലം കണ്ട് ഇഷ്ടപ്പെടുകയും, ഇവിടെ വെച്ച് കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ക്ഷേത്ര കമ്മിറ്റി സന്തോഷത്തോടെ അനുവാദം നൽകുകയുമായിരുന്നു. കേരളം സുന്ദരമാണെന്നും സുരക്ഷിതമാണെന്നും ഇവിടെ കുറച്ചുനാൾ കഴിയാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, തന്റെ പിതാവിന് ഈ ബന്ധത്തോട് ഇപ്പോഴും എതിർപ്പുണ്ടെന്നും ഫർമാൻ വ്യക്തമാക്കി.
വിവാഹത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എം.പി എന്നിവർ സാക്ഷികളായി പങ്കെടുത്തു.


