തൃക്കരിപ്പൂർ: കൊയോങ്കര ശ്രീ കൂർമ്പ ഭഗവതി കാവ് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി യുവജന കൂട്ടായ്മ നിർമ്മിച്ച പച്ചോല പ്രവേശന കവാടം ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ശ്രദ്ധയാകർഷിക്കുന്നു. പ്രകൃതിയോടിണങ്ങിയുള്ള ഈ നിർമ്മിതി നാടൻ കലകളുടെയും കരകൗശല വിദ്യകളുടെയും ഉജ്ജ്വലമായ സാക്ഷ്യമായി മാറുകയാണ്.
ആകാശം മുട്ടെ വളർന്ന തെങ്ങിൻ ഓലകൾ ഉപയോഗിച്ച് യുവജനങ്ങളുടെ ആത്മാർത്ഥതയിലും സമർപ്പണത്തിലും വിരിഞ്ഞ ഈ കവാടം, പ്രകൃതിയുടെ സ്നിഗ്ധതയും കൂട്ടായ്മയുടെ കരുത്തും വിളിച്ചോതുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കിടയിലും പാരമ്പര്യ നിർമ്മിതികളെ നെഞ്ചേറ്റുന്ന യുവത്വത്തിന്റെ ഊർജ്ജം ഈ സൃഷ്ടിയിൽ നിഴലിക്കുന്നുണ്ട്. കളിയാട്ട മഹോത്സവത്തിലേക്ക് എത്തുന്ന ഭക്തരെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്ന ഈ കവാടം ഉത്സവാനുഭൂതിക്ക് മാറ്റുകൂട്ടുന്നു.

