back to top
Saturday, April 11, 2026
Google search engine
HomeUncategorizedഎം.കെ മുനീറിന്റെ വീടിന് ഇനി ജപ്തി ഭീഷണിയില്ല; 49 ലക്ഷത്തിന്റെ ബാധ്യത അടച്ചുതീർത്ത് മുസ്ലിം ലീഗ്

എം.കെ മുനീറിന്റെ വീടിന് ഇനി ജപ്തി ഭീഷണിയില്ല; 49 ലക്ഷത്തിന്റെ ബാധ്യത അടച്ചുതീർത്ത് മുസ്ലിം ലീഗ്

കോഴിക്കോട്: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ വീടിന് നേരിട്ട ജപ്തി ഭീഷണി ഒഴിവായതായി റിപ്പോർട്ട്. എം.കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പാ ബാധ്യത മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് അടച്ചുതീർത്തു. പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിലേക്ക് പണം അടച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പാർട്ടി ബാധ്യത ഏറ്റെടുത്തത്.

മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ പണികഴിപ്പിച്ച കോഴിക്കോട് നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ എന്ന വീടിനായിരുന്നു ജപ്തി നോട്ടീസ് ലഭിച്ചിരുന്നത്. 58 ലക്ഷം രൂപയുടെ വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷമായി നിശ്ചയിച്ചിരുന്നെങ്കിലും, ഇത് അടച്ചുതീർക്കാൻ കഴിയാത്തതിനെ തുടർന്ന് മാർച്ച് 31-നകം ജപ്തി ചെയ്യുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന മുനീറിന് ഈ ജപ്തി നോട്ടീസ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.

സി.എച്ചിന്റെ ഖബറിടത്തോട് ചേർന്നുള്ള ക്രസന്റ് ഹൗസ് മുസ്ലിം ലീഗിന്റെ പല നിർണായക തീരുമാനങ്ങൾക്കും വേദിയായ ഇടം കൂടിയാണ്. സി.എച്ച് മുഹമ്മദ് കോയ അന്തരിച്ച സമയത്തും സമാനമായ രീതിയിൽ കടബാധ്യതകൾ ഉണ്ടാവുകയും അന്ന് പാർട്ടി ഇടപെട്ട് കടങ്ങൾ തീർക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം മകന്റെ ബാധ്യതയും പാർട്ടി തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments