ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ (Sukhoi-30 MKI) യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെ പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിൽ നിന്നുള്ള സിഗ്നൽ അവസാനമായി ലഭിച്ചതെന്നും തുടർന്ന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയുമായിരുന്നുവെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. ഉടൻ തന്നെ വ്യോമസേന ഊർജ്ജിതമായ തെരച്ചിൽ ആരംഭിച്ചിരുന്നു.
തെരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പൈലറ്റുമാരുടെ മൃതദേഹങ്ങളും കണ്ടെടുത്തത്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേക്കും.


