back to top
Sunday, April 19, 2026
Homeകേരളംവാൽപ്പാറ ദുരന്തം: വിങ്ങലായി പാങ്ങ് ഗ്രാമം; മരിച്ച 9 പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, സംസ്കാരം ഇന്ന്

വാൽപ്പാറ ദുരന്തം: വിങ്ങലായി പാങ്ങ് ഗ്രാമം; മരിച്ച 9 പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, സംസ്കാരം ഇന്ന്

മലപ്പുറം/വാൽപ്പാറ: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പുലർച്ചെ നാല് മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ആറുമണിയോടെയാണ് പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്നും ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങൾ പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവന്നത്. പ്രത്യേക ഉത്തരവ് ഇറക്കിയാണ് പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തിയത്.

രാവിലെ ഒൻപതുമണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിൽ പൊതുദർശനം ആരംഭിച്ചു. ഒരു മണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

അപകടത്തിൽ മരിച്ചവരുടെ സംസ്കാര വിവരങ്ങൾ താഴെ നൽകുന്നു:

1. പ്രധാനാധ്യാപിക പി. അജിത (54): പൊതുദർശനത്തിനുശേഷം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഷൊർണ്ണൂരിലാണ് സംസ്കാരം.

2. അധ്യാപിക റംല (52): പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

3. അധ്യാപിക സുഹറ (43), മകൻ ഹിഷാം (12): ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിൽ.

4. അധ്യാപിക ആശ (41): പൊതുദർശനത്തിനുശേഷം മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്കാരം നടക്കും.

5. അധ്യാപകൻ അബ്ദുൽ മജീദ് (43), ഭാര്യ റുഖിയ (39): മാട്ടാത്ത് ഖബർസ്ഥാനിൽ.

6. പാചകത്തൊഴിലാളി സാജിത (45): പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

7. യു.പി അധ്യാപിക ഷക്കീന (37): പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

കണ്ണീരോർമ്മയായി അധ്യാപകർ:

പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപികമാരും സ്കൂളിലെ പാചക തൊഴിലാളിയുമാണ് അപകടത്തിൽ മരിച്ചത്. എൽ.പി അധ്യാപികയായ കെ. ഹസനത്ത്, കെ.ജി അധ്യാപികമാരായ യശോദ, റസീന, പ്യൂൺ ഗോപാലൻ എന്നിവർ വിനോദയാത്രയിൽ പങ്കെടുത്തിരുന്നില്ല. അടുത്ത അധ്യയനവർഷം പുഞ്ചിരിയോടെ വരവേൽക്കാൻ തങ്ങളുടെ പ്രിയ ഗുരുനാഥൻമാരില്ലല്ലോ എന്ന സങ്കടത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു:

കോയമ്പത്തൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ മൂന്ന് പേർ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡ്രൈവർ മുഹമ്മദ് ഫാഹിസ് (21), സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് (39), മരിച്ച സാജിതയുടെ മകൻ ഷഹദിൻ (11) എന്നിവരാണ് ചികിത്സയിലുള്ളത്. അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നുകാരി മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച അധ്യാപിക ഷക്കീനയുടെ മകളാണ് മസ്‌നീൻ. ഉമ്മ മരിച്ച വിവരം ഈ കുട്ടിയെ ഇതുവരെ അറിയിച്ചിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് 5.15-നാണ് വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ട്രാവലർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വഴി നൽകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments