തിരുവനന്തപുരം: റോഡ് അപകടങ്ങളും നിരത്തിലെ മരണങ്ങളും ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ‘റോഡ് സുരക്ഷാ സാക്ഷരതാ മിഷൻ’ ആരംഭിക്കുന്നു. മൂന്നുവർഷത്തിനുള്ളിൽ അപകട മരണനിരക്ക് 50 ശതമാനം കുറയ്ക്കുകയും ഭാവിയിൽ റോഡ് അപകടങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ മുഖ്യ സവിശേഷതകൾ:
അന്താരാഷ്ട്ര മാതൃകകൾ: സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ റോഡ് സുരക്ഷയ്ക്കായി നടപ്പാക്കി വിജയിച്ച പദ്ധതികൾ കേരളത്തിലും മാതൃയാക്കും. ജപ്പാൻ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ’ഫൊർഗിവിങ് റോഡ്’ മാതൃകയിൽ ഹൈവേകൾ അപകടരഹിതമാക്കും.
ട്രാഫിക് കൾച്ചർ ഇൻഡക്സ്: ദക്ഷിണകൊറിയൻ മാതൃകയിൽ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ ട്രാഫിക് കൾച്ചർ ഇൻഡക്സ് രൂപപ്പെടുത്തി റോഡ് സുരക്ഷാ സംസ്കാരം മെച്ചപ്പെടുത്തും.
ശാസ്ത്രീയ പഠനങ്ങൾ: ഐ.ഐ.ടി. മദ്രാസ്, നാറ്റ്പാക്, എൻ.ഐ.ടി. കാലിക്കറ്റ്, എസ്.സി.എം.എസ്., കുസാറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പഠനങ്ങളും തുടർപ്രവർത്തനങ്ങളും ആവിഷ്കരിക്കും.
സന്നദ്ധ സേനയും പരിശീലനവും: സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ 10 ലക്ഷം റോഡ് സുരക്ഷാ ഗാർഡിയൻമാരെ സൃഷ്ടിക്കും. മോട്ടോർവാഹന വകുപ്പ്, പോലീസ്, എൻജിനിയറിങ് അധ്യാപകർ, വിദ്യാഭ്യാസവകുപ്പ് എന്നീ മേഖലകളിൽനിന്ന് വിരമിച്ചവരുൾപ്പെടെ 1000 മാസ്റ്റർ ട്രെയിനർമാർ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും പരിശീലനം നൽകും. നവംബറിൽ പദ്ധതിയുടെ ഉദ്ഘാടനം നടത്തി അടുത്ത ആറുമാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ: മദ്യപിച്ച് വാഹനമോടിച്ചാൽ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുന്ന രീതിയിൽ നിയമത്തിൽ മാറ്റംവരുത്തും. അമിതവേഗം, അശ്രദ്ധമായ വാഹനമോടിക്കൽ തുടങ്ങിയവയ്ക്കും നിലവിലുള്ളതിനെക്കാൾ കടുത്തശിക്ഷ നൽകുംവിധം നിയമങ്ങൾ പരിഷ്കരിക്കും.

