back to top
Thursday, August 20, 2026
Homeകേരളംമാര്‍ത്താണ്ഡത്ത് നഴ്‌സിങ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

മാര്‍ത്താണ്ഡത്ത് നഴ്‌സിങ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് മരിച്ചത്. നഴ്‌സിങ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കോളേജിലെ അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് കഴിഞ്ഞദിവസം അൻസിജി എടുത്തു ചാടിയത്. കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനി ഉൾപ്പെടെയുള്ളവർ മോശം ഭക്ഷണം ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങൾക്ക് മുമ്പ് സമരപരിപാടികൾ നടത്തിയിരുന്നു. തുടർന്ന് സമരം ചെയ്ത വിദ്യാർഥികളെ അന്ന് കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഇതിനുശേഷം സ്വകാര്യ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ഈ വിദ്യാർഥികളെ അധ്യാപകരും മാനേജ്‌മെന്റ് അധികൃതരും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കൾ കരിങ്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കൈകാലുകളും ശരീരഭാഗങ്ങളും ഒടിഞ്ഞ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം വിദ്യാർഥിനി കോളേജിൽ മൊബൈൽ ഫോണുമായി എത്തിയത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഉയർന്ന ആരോപണങ്ങളും പരാതികളും അടിസ്ഥാനരഹിതമാണെന്നും കോളേജ് അധികൃതർ പറഞ്ഞു. കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾദിശഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments