കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ വിസമ്മതിച്ചതിനെ തുടർന്ന് കോഴിക്കോട്ട് യുവതി കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തു. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് പ്രകോപിതയായ യാത്രക്കാരി തകർത്തത്. പൊതുമുതൽ നശിപ്പിച്ചതിന് ഒടുവിൽ യുവതി 25,000 രൂപ പിഴയായി അടക്കേണ്ടി വന്നു.
സംഭവം ഇങ്ങനെ:
കോഴിക്കോട് മിംസ് (MIMS) സ്റ്റോപ്പിൽ ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസായതിനാൽ അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പലതവണ യുവതിയോട് പറഞ്ഞു. ഇത് കേൾക്കാൻ തയ്യാറാകാതെ ഇവർ വീണ്ടും വീണ്ടും വാഹനം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ ഡ്രൈവർ തെറ്റായ ദിശയിലാണ് വാഹനമോടിക്കുന്നതെന്നും താൻ ഇതിനെതിരെ പരാതി നൽകുമെന്നും യുവതി ഭീഷണി മുഴക്കി.
ബസിലെ മറ്റ് യാത്രക്കാർ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തർക്കത്തിനൊടുവിൽ യുവതി വാഹനത്തിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇടപെടുകയും, കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായ നഷ്ടപരിഹാരമായി 25,000 രൂപ യുവതിയിൽ നിന്ന് ഈടാക്കുകയുമായിരുന്നു.

