back to top
Tuesday, May 12, 2026
Homeകണ്ണൂർകോഴിക്കോട് സബ്സ്റ്റേഷനിൽ സാങ്കേതിക തകരാർ; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന്...

കോഴിക്കോട് സബ്സ്റ്റേഷനിൽ സാങ്കേതിക തകരാർ; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.

കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിന്റെ 220 കെ.വി. ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി വിതരണത്തിന് തടസ്സമാകുന്നത്. ഈ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. അതിനാൽ ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് മലബാറിലെ നാല് ജില്ലകളിൽ നിയന്ത്രണമുണ്ടാവുക.

ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ വലിയ തോതിൽ ലോഡ് ക്രമീകരിക്കേണ്ടി വരും. ഇതിനാലാണ് വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും, അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ നിയന്ത്രിച്ചും പൊതുജനങ്ങൾ കെ.എസ്.ഇ.ബി.യുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഓരോ പ്രദേശത്തും നിയന്ത്രണം ഏർപ്പെടുത്തുന്ന കൃത്യമായ സമയക്രമം പ്രാദേശിക കെ.എസ്.ഇ.ബി. ഓഫീസുകൾ വഴി ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments