തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്.
നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്.
ഉയർന്ന യുവി സൂചിക; ജാഗ്രത വേണം:
മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നു. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് യുവി സൂചിക ഏറ്റവും ഉയർന്ന നിലയിലുള്ളത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു. അൾട്രാവയലറ്റ് രശ്മികൾ സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദ്ദേശമുണ്ട്.

