റിയാദ്: പത്താം ക്ലാസ് വിജയത്തിന് ശേഷം പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാൻ യൂണിഫോമണിഞ്ഞ് തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി വിദ്യാർത്ഥി മരിച്ചു. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഹനീൻ അബ്ദുസമദ് (15) ആണ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി അഡ്വ. പി.കെ. ഹബീബ് റഹ്‌മാന്റെയും (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ. കെ. ഷയീന്റെയും (അസിസ്റ്റന്റ് പ്രൊഫസർ, അമീറ നൂറ യൂണിവേഴ്സിറ്റി) മകനാണ്.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് സ്കൂൾ തുറന്ന ദിവസമാണ് നോവായ സംഭവം നടന്നത്. പത്താം ക്ലാസ് മികച്ച നിലയിൽ പാസായ ഹനീൻ, യൂണിഫോമണിഞ്ഞ് ക്ലാസിലേക്ക് പോകാൻ ഇറങ്ങുന്നതിനിടെ വീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടായി റിയാദിൽ തുടരാൻ തീരുമാനിച്ച ഹനീന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നൊമ്പരമായി. ഫുട്ബാളിലും ഖുർആൻ പഠനത്തിലും ഹനീൻ ഏറെ താല്പര്യം കാണിച്ചിരുന്നു. സഹോദരങ്ങൾ: ഹാദി അബ്ദുറഹ്‌മാൻ, ഹയാ ഹബീബ്.

