back to top
Tuesday, May 12, 2026
Homeകേരളംസംസ്ഥാനത്ത് പാമ്പുകടി ഭീതി തുടരുന്നു; കുറ്റ്യാടിയിൽ വീട്ടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകൾ, കോഴിക്കോട്ട് രണ്ടുപേർക്ക് പാമ്പുകടിയേറ്റു

സംസ്ഥാനത്ത് പാമ്പുകടി ഭീതി തുടരുന്നു; കുറ്റ്യാടിയിൽ വീട്ടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകൾ, കോഴിക്കോട്ട് രണ്ടുപേർക്ക് പാമ്പുകടിയേറ്റു

കോഴിക്കോട്: വേനൽ കടുത്തതോടെ സംസ്ഥാനത്ത് പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിൽ ഉൾപ്പെടെ വിവിധ മുറികളിൽ നിന്നായി കണ്ടെത്തിയത്. വീട്ടുകാർ കുട്ടികളെ വേഗത്തിൽ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്ക് കൂടി പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്‌ജലി (36), പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ (22) എന്നിവർക്കാണ് കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് അഞ്ജലിയെ കടിച്ചത്. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് അൻസാറിന് കടിയേറ്റ കാര്യം തിരിച്ചറിയുന്നത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ തളിപ്പറമ്പിലും ഇടുക്കി കാഞ്ഞാറിലുമായി രണ്ട് പേർ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.

ആരോഗ്യവകുപ്പിന്റെ കർശന ജാഗ്രതാ നിർദ്ദേശം

തുടർച്ചയായി പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം നൽകി. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരിൽ പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഡയറക്ടർ ഡി.എം.ഒമാരുടെ യോഗത്തിൽ നിർദ്ദേശിച്ചു. പല മരണങ്ങളിലും പാമ്പുകടിയേറ്റ കാര്യം ആദ്യഘട്ടത്തിൽ തിരിച്ചറിയാത്തത് ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനായി ജീവനക്കാർക്ക് ആവശ്യമെങ്കിൽ പ്രത്യേക പരിശീലനം നൽകും.

സംസ്ഥാനത്ത് ആന്റിവെനം സ്റ്റോക്കിൽ കുറവില്ലെന്നും ചികിത്സ നൽകുന്നതിൽ കാലതാമസം പാടില്ലെന്നും നിർദ്ദേശമുണ്ട്. പാമ്പുകടിയേറ്റാൽ ആന്റിവെനമുള്ള ആശുപത്രികൾ തേടി അലയേണ്ടതില്ലെന്നും, ഉടൻ തന്നെ 108 ആംബുലൻസിന്റെ സേവനം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments