തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി. ഈ മാസം 30-ാം തീയതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത്. 22-ാം തീയതി വരെയായിരുന്നു മുൻപ് അനുവദിച്ച സമയം. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഈ നടപടി. സമയം നീട്ടി നൽകണമെന്ന് സുപ്രീംകോടതിയിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇതോടെ കേരളത്തിലെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. പട്ടികയിൽ നിന്ന് ഒഴിവായവർക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീംകോടതി ഇടപെടൽ.
അർഹരായ മുഴുവൻ പേരെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
പ്രധാന തീരുമാനങ്ങൾ:
• രേഖകൾ ലഭിക്കാൻ ഈ കാലയളവിൽ പ്രത്യേക ഫീസ് ഈടാക്കില്ല.
• തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടർ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കും.
• അക്ഷയ സെന്ററുകളിലെ ഫീസ് കുറയ്ക്കാൻ ഐടി വകുപ്പിന് നിർദ്ദേശം.
• ഹിയറിംഗ് കേന്ദ്രങ്ങളിൽ പ്രത്യേക വോളന്റിയർമാരെ നിയമിക്കും.
• ബൂത്ത് ലെവൽ ഓഫീസർമാരുടെ ഒഴിവുകൾ രണ്ട് ദിവസത്തിനകം നികത്തും.


