back to top
Friday, April 10, 2026
Google search engine
Homeഅന്താരാഷ്ട്രംവെടിനിർത്തലിൽ വിജയമവകാശപ്പെട്ട് അമേരിക്കയും ഇറാനും; സമാധാന ചർച്ചകൾ ഏപ്രിൽ 11-ന്; ഇറാന്റെ 10 ഉപാധികൾ പുറത്ത്

വെടിനിർത്തലിൽ വിജയമവകാശപ്പെട്ട് അമേരിക്കയും ഇറാനും; സമാധാന ചർച്ചകൾ ഏപ്രിൽ 11-ന്; ഇറാന്റെ 10 ഉപാധികൾ പുറത്ത്

ടെഹ്‌റാൻ/വാഷിങ്ടൺ: രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ വിജയമവകാശപ്പെട്ട് അമേരിക്കയും ഇറാനും. ഇറാനിയൻ ജനതയ്ക്കെതിരായ നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ പരാജയം സംഭവിച്ചുവെന്നും, അമേരിക്കയെ തങ്ങളുടെ പത്ത് ഉപാധികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കിയത് വലിയ വിജയമാണെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അവകാശപ്പെട്ടു. ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂ എന്നും ഇറാൻ വ്യക്തമാക്കി.

• ഇറാന്റെ 10 ഉപാധികൾ:

1. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യു.എസ് ഉറപ്പുനൽകണം.

2. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം തുടരണം.

3. ആണവോർജ്ജം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കണം.

4. എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കണം.

5. എല്ലാ ദ്വിതീയ ഉപരോധങ്ങളും പിൻവലിക്കണം.

6. ഇറാനെതിരായ യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ അവസാനിപ്പിക്കണം.

7. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രമേയങ്ങൾ അവസാനിപ്പിക്കണം.

8. യുദ്ധത്തിലെ നഷ്ടങ്ങൾക്ക് ഇറാന് അമേരിക്ക നഷ്ടപരിഹാരം നൽകണം.

9. പശ്ചിമേഷ്യൻ മേഖലയിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കണം.

10. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും ശത്രുത അവസാനിപ്പിക്കണം.

• അതേസമയം, അമേരിക്ക യുദ്ധത്തിൽ സമ്പൂർണവിജയം നേടിയതായി ട്രംപും വൈറ്റ്ഹൗസും വ്യക്തമാക്കി. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിലൂടെ 38 ദിവസത്തിനുള്ളിൽ അമേരിക്ക പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും, പരമാവധി സമ്മർദ്ദം ചെലുത്തി നയതന്ത്ര പരിഹാരത്തിന് വഴിയൊരുക്കാൻ കഴിഞ്ഞത് അമേരിക്കയുടെ വിജയമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

• ഇറാന്റെ ഉപാധികൾക്കുമേലുള്ള നിർണായക ചർച്ചകൾ ഏപ്രിൽ 11-ന് ഇസ്ലാമാബാദിൽ ആരംഭിക്കും. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. നഷ്ടപരിഹാരവും സൈനിക പിന്മാറ്റവും ഉൾപ്പെടെയുള്ള ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിക്കുമോ എന്നത് വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments