ആലപ്പുഴ: ഈ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരങ്ങളാണെന്നും, അവിടെ യഥാർത്ഥ ഇടതുപക്ഷമായി ആരുമില്ലെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനപരമായ മാറ്റം എൽ.ഡി.എഫിന് സംഭവിച്ചു കഴിഞ്ഞു. അവസരവാദ നിലപാടുകളുള്ള നേതാക്കളും, ആരുടെ സഹായം നേടിയാലും കുഴപ്പമില്ലെന്ന നിലപാടുള്ളവരുമാണ് അവിടെയുള്ളത്. ഇതിനാൽ ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ചതിക്കപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ഇടതുപക്ഷത്തെ ഒരു മുതിർന്ന നേതാവ് ഇപ്പോൾ യു.ഡി.എഫ് വേദിയിൽ ഇരിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെ വേട്ടയാടാത്തത് എന്ത് കൊണ്ട്?
കേരളത്തിൽ സി.പി.എം – ബി.ജെ.പി ബന്ധം വ്യക്തമാണ്. ആർ.എസ്.എസിനെ എതിർക്കുന്ന തന്റെ പേരിൽ 38 ഓളം കേസുകളുണ്ട്. എന്നാൽ തന്നെയും കോൺഗ്രസിനെയും വേട്ടയാടുന്ന മോദി എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ആക്രമിക്കുന്നില്ല എന്ന് രാഹുൽ ചോദിച്ചു. അയ്യപ്പന്റെ സ്വർണ്ണം കവർന്നിട്ടും കേരളത്തിൽ വന്ന പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. രാജ്യത്ത് ഇടതുപക്ഷം ബി.ജെ.പിക്ക് വെല്ലുവിളിയാകില്ലെന്ന് അറിയാവുന്നതുകൊണ്ട് എൽ.ഡി.എഫിനെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫിന് ജനങ്ങളുമായി ബന്ധമില്ല
എൽ.ഡി.എഫ് സർക്കാരിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറി. കർഷകരും കയർ തൊഴിലാളികളും വലിയ ദുരിതത്തിലാണ്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. അക്രമികളുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും, പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടുന്നതിന് പകരം തിരിച്ച് ആക്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി മന്ത്രിസഭയിലെ പല പ്രമുഖരും എപ്സ്റ്റീൻ ഫയലുകളിലുണ്ടെന്നും, ട്രംപ് പറയുന്നത് മോദി നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് വാഗ്ദാനങ്ങൾ
കേരളത്തിന്റെ നട്ടെല്ലായ സ്ത്രീകൾക്ക് യു.ഡി.എഫ് പ്രകടനപത്രികയിൽ മുൻഗണന നൽകിയിട്ടുണ്ട്. അധികാരത്തിൽ വന്നാൽ നെല്ലിന്റെ താങ്ങുവില 35 രൂപയായി ഉയർത്തുമെന്നും, റബ്ബർ, കശുവണ്ടി മേഖലകൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.


