തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും അത് ‘മോദിയുടെ ഗ്യാരണ്ടി’ ആണെന്നും അദ്ദേഹം പ്രസ്താവിച്ചു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
• ഭഗവാന്റെ സ്വർണ്ണം കൊള്ളയടിച്ച എല്ലാവരെയും ബിജെപി അധികാരത്തിലെത്തിയാൽ ജയിലിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ക്ഷേത്രപാരമ്പര്യത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം കൊള്ളകൾക്ക് എൽഡിഎഫ് സർക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും എൽഡിഎഫും യുഡിഎഫും മാറിമാറി സംസ്ഥാനത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
• “കോൺഗ്രസ് ഇപ്പോൾ മാവോയിസ്റ്റുകളെക്കാൾ കമ്മ്യൂണിസ്റ്റായും മുസ്ലിം ലീഗിനെക്കാൾ വർഗീയമായും മാറിയിരിക്കുന്നു. ഈ വിശുദ്ധഭൂമിയെ അവരിൽ നിന്ന് നാം രക്ഷിക്കണം. കേരളത്തിന് ഇനി പുതിയ രാഷ്ട്രീയം ആവശ്യമാണ്. വികസനത്തിന്റെ ബിജെപി പക്ഷത്തോടൊപ്പം നിൽക്കാൻ ജനങ്ങൾ തയ്യാറാകണം,” പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കേരളത്തിന്റെ ദിശ മാറ്റുമെന്നും പറഞ്ഞു.


