കോഴിക്കോട് / മുംബൈ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മാസങ്ങൾക്ക് മുൻപ് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ഒടുവിൽ പിടിയിൽ. മുംബൈയിൽ നിന്നാണ് കേരള പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥനായ ഒ. മോഹൻദാസ്, മെഡിക്കൽ കോളേജ് എസ്.ഐ പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. പോലീസ് പിടികൂടുമ്പോൾ ഇയാൾ ഒരു ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു വിനീഷിനായുള്ള അന്വേഷണം. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായിരുന്ന വിനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് ഡിസംബർ 10 ന് കുതിരവട്ടത്തേയ്ക്ക് ചികിത്സയ്ക്കായി മാറ്റിയത്. എന്നാൽ ഡിസംബർ 29 ന് പുലർച്ചെ ഇയാൾ ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെടുകയായിരുന്നു. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ്സ് ഉപോയോഗിച്ച് പത്ത് ദിവസം കൊണ്ടാണ് ഇയാൾ ടൈൽ ഇളക്കിമാറ്റി ഭിത്തി തുരന്നത്. പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
വിനീഷിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ അടക്കം പുറത്തിറക്കി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയായിരുന്നു പോലീസ്. നേരത്തെ വിനീഷില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു.
2021 ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യയെ (21) വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.


