back to top
Saturday, April 11, 2026
Google search engine
Homeകേരളംപിണറായി സര്‍ക്കാര്‍ ഹാട്രിക്കിലേക്ക്…?; മാധ്യമസര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ത്

പിണറായി സര്‍ക്കാര്‍ ഹാട്രിക്കിലേക്ക്…?; മാധ്യമസര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ത്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാസമര്‍പ്പണം കൂടിയ പൂര്‍ത്തിയാവുമ്പോഴും കേരളത്തില്‍ മൂന്നാമതും തുടര്‍ഭരണമോ എന്നതാണ് എങ്ങും ചര്‍ച്ചകള്‍. കാരണം, മുഖ്യധാര മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളെല്ലാം സൂചിപ്പിക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാര്‍ ഹാട്രിക്കിലേക്ക് കടക്കുമെന്നാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണമെന്ന റെക്കോഡിട്ട പിണറായി വിജയന്‍ ഹാട്രിക് ഭരണമെന്ന ചരിത്രം കൂടി എഴുതുമെന്ന സൂചനകളാണ് ഒട്ടുമിക്ക മാധ്യമങ്ങളും നല്‍കുന്നത്. പ്രീ പോള്‍ സര്‍വേകളും എക്‌സിറ്റ് പോളുകളുമെല്ലാം മറികടന്ന ചരിത്രവും നമുക്ക് മുന്നിലുണ്ട് എന്നതിനാല്‍ ചുട്ടുപൊള്ളുന്ന വെയിലിനെയും കൂസാതെ സ്ഥാനാര്‍ഥികളും മുന്നണികളുമെല്ലാം പ്രചാരണച്ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഏപ്രില്‍ ഒമ്പതിന് കേരളം വിധിയെഴുതുന്നത് ഒരു ചരിത്രത്തിലേക്ക് ആവുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

ഭരണവിരുദ്ധ വികാരമില്ലെന്ന് സര്‍വേകള്‍; കാരണം വികസനപ്രവര്‍ത്തനങ്ങള്‍

തുടര്‍ച്ചയായി 10 വര്‍ഷം ഭരിച്ച ഒരു സര്‍ക്കാര്‍ മൂന്നാമതും ജനവിധി തേടുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമില്ലെന്നാണ് മഹാഭൂരിപക്ഷം സര്‍വേകളും പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടിയപ്പോഴും ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് കേരളത്തിലെ വിവിധ മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളും വ്യക്തമാക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുന്നതാണ് സ്ഥിതിയെങ്കില്‍ ഇത്തവണയും ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കുറവാണെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ കൃത്യത തുടങ്ങി ഒട്ടനവധി കാരണങ്ങളാണ് ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. മലയാള മനോരമയുടെ ഓണ്‍ലൈന്‍ മാധ്യമമായ ‘ഓണ്‍മനോരമ’യുടെ ഏറ്റവും പുതിയ പോള്‍ പ്രകാരം പത്ത് വര്‍ഷത്തെ ഭരണത്തിന്റെ തുടര്‍ച്ചയായി പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് 49.82% പേര്‍ ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരമില്ലെന്നും ‘വികസന പ്രതിച്ഛായ’ അതിനെയെല്ലാം മറികടക്കുന്നുവെന്നുമാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന എല്ലാ മാധ്യമ സര്‍വേകളും എല്‍ഡിഎഫിനാണ് മുന്‍തൂക്കം നല്‍കുന്നത്.
നിലവിലുള്ള സര്‍വേകളെല്ലാം പത്ത് വര്‍ഷത്തെ ഭരണം ഇടതുമുന്നണിക്ക് മത്സരരംഗത്ത് വ്യക്തമായ മുന്‍തൂക്കമാണ് നല്‍കുന്നത്.
കഴിഞ്ഞ ദശകത്തില്‍ കേരളത്തിലുണ്ടായ മാറ്റം അടിസ്ഥാന സൗകര്യ വികസനത്തില്‍തന്നെ പ്രകടമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപേക്ഷിച്ചതോ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കരുതിയതോ ആയ വന്‍കിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതാണ് എല്‍ഡിഎഫ് സര്‍ക്കാരിന് സര്‍വേകളില്‍ മേല്‍ക്കൈ നല്‍കുന്നത്. ദേശീയപാത വികസനവും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും തന്നെയാണ് ഇതിന് മുന്നിലുള്ളത്. എന്‍എച്ച് 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 5,580 കോടി രൂപയാണ് ചിലവഴിച്ചത്. സംസ്ഥാനത്തുടനീളം പുതിയ പാലങ്ങളും ആശുപത്രികളും സ്‌കൂളുകളും ഉയരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷന്‍ ഭവന പദ്ധതി (ഇതുവരെ ഏകദേശം 4.7 ലക്ഷം വീടുകള്‍) എന്നിവ ചില ഉദാഹരണങ്ങളാണ്. വിവാദങ്ങളേക്കാള്‍ ഇത്തരം വികസനങ്ങളെയാണ് നോക്കിക്കാണുന്നതെന്ന് വോട്ടര്‍മാര്‍ പരിഗണിക്കുന്നതെന്ന് ഓണ്‍മനോരമ സര്‍വേ പറയുന്നു.

അതിദാരിദ്ര്യ മുക്തം, ക്ഷേമ പെന്‍ഷന്‍, ലൈഫ് മിഷന്‍…; സര്‍വേകളിലെ അനുകൂല ഘടകങ്ങള്‍

അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഭരണമാറ്റമെന്ന പതിവുശൈലിക്ക് മാറ്റം വരുത്തിയത് പിണറായി സര്‍ക്കാരാണ്. നിപ, പ്രളയം തുടങ്ങിയ മഹാദുരന്തങ്ങളില്‍ കേരളത്തെ മുന്നില്‍നിന്ന് കൈപിടിച്ചുയര്‍ത്തിയ പിണറായിയുടെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ക്യാപ്റ്റന്‍സിക്കു കൂടിയായിരുന്നു കേരളജനത തുടര്‍ഭരണത്തിലൂടെ കൈയൊപ്പ് ചാര്‍ത്തിയത്. ഒരു സുസ്ഥിര സര്‍ക്കാരിനെ പിന്തുണയ്ക്കണോ അതോ തിരിഞ്ഞുനടക്കണോ എന്നതാണ് വോട്ടര്‍മാരുടെ മുന്നിലുള്ള ചിന്ത. ഇന്ത്യയില്‍ ആദ്യമായി
അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്ത സംസ്ഥാനമായി കേരളം മാറിയെന്നത് വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ട്. 64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതെന്ന് 2025 നവംബര്‍ ഒന്നിന്റെ കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുയ ഇതോടൊപ്പം തന്നെ 60 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍, സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും എല്ലാം ഭരണത്തുടര്‍ച്ചയ്ക്കുള്ള അംഗീകാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍, ഒരു വിഭാഗം അവകാശപ്പെടുന്നതു പോലെ തൂക്കുസഭ വരികയാണെങ്കില്‍ വികസന പദ്ധതികളുടെ വേഗത കുറയ്ക്കുമെന്നും സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപകരുടെ മുന്‍ധാരണകള്‍ മാറ്റിമറിച്ച സാമ്പത്തിക ഉണര്‍വ്

കേരളം ശ്രീലങ്ക പോലെയാവുമെന്ന മുന്നറിയിപ്പുകളെ മറികടന്നുള്ള സാമ്പത്തിക ഉണര്‍വാണ് വ്യവസായികളില്‍ പ്രതീക്ഷ നല്‍കുന്നത്. നിക്ഷേപകരുടെ മുന്‍ധാരണകളെ പൊളിക്കാനായി എന്നതാണ് എല്‍ഡിഎഫിന്റെ വാദം. വ്യവസായ മന്ത്രി പി. രാജീവിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങളാണ് പ്രായോഗിക പദ്ധതികളായി മാറിയത്. ‘സംരംഭക വര്‍ഷം’ പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. നിതി ആയോഗിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചികയിലും എസ്.ഡി.ജി (SDG) ഇന്ത്യ സൂചികയിലും കേരളം മുന്നിലെത്തി. വി-ഗാര്‍ഡിന്റെ പുതിയ ഗവേഷണ വികസന ക്യാംപസ് തുടക്കത്തില്‍ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും ഉറപ്പാക്കുമ്പോള്‍ കെയ്ന്‍സ് ടെക്‌നോളജി പെരുമ്പാവൂരില്‍ 350 കോടി രൂപയുടെ നിക്ഷേപപദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമി ഏറ്റെടുത്താണ് കെയ്ന്‍സിന് സര്‍ക്കാര്‍ കൈമാറിയത്. ഈ പദ്ധതികള്‍ കേരളത്തിന്റെ വ്യവസായ വിപ്ലവത്തിന് കരുത്തേകുന്നു. ചുരുക്കത്തില്‍, സാമ്പത്തികമുന്നേറ്റത്തിന്റെ ക്രെഡിറ്റ് ഇടതുപക്ഷ സര്‍ക്കാരിനാണെന്ന് എല്ലാ റിപ്പോര്‍ട്ടുകളിലും ഊന്നിപ്പറയുന്നത് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.

കേരളം ഒരു ഭാവി സാങ്കേതിക ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. ടെക്‌നോപാര്‍ക്ക് നാലാം ഘട്ടം (ടെക്‌നോസിറ്റി) ഇതിന്റെ ഒരു ഉദാഹരണമാണ്. 389 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഐ.ടി സിറ്റി ആഗോള കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ടെക്‌നോപാര്‍ക്കില്‍ നിലവില്‍ 500ലധികം കമ്പനികളും 80,000 പ്രൊഫഷണലുകളുമുണ്ട്. നാലാം ഘട്ടം കൂടി വരുന്നതോടെ വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ ഐടി തൊഴില്‍ശക്തി ഇരട്ടിയായി വര്‍ധിക്കുമെന്ന് ഈ രംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു.

സ്‌പേസ് റിസര്‍ച്ച്, എ.ഐ, സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയവയ്ക്കായി സ്‌പെഷ്യല്‍ സോണുകള്‍ പദ്ധതിയിലുണ്ട്. കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായ സ്ഥാനം സാങ്കേതികവിദ്യകള്‍ക്കും വരുംതലമുറ വ്യവസായങ്ങള്‍ക്കും ഉണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എ.ഐ (AI) സിറ്റി, സ്‌പേസ് പാര്‍ക്ക്, ഡിജിറ്റല്‍ സര്‍വകലാശാലയുടെ വികസനം എന്നിവ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നതിന്റെ സൂചനകളായി വ്യാവസായിക ലോകം കണക്കുകൂട്ടുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ നയപരിപാടികള്‍, ഇടതുപക്ഷം കേരളത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥയെ മാനേജ് ചെയ്യുകയല്ല മറിച്ച് സൃഷ്ടിച്ചെടുക്കുകയാണെന്ന ബോധ്യത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്.

സര്‍ക്കാരിനെ ക്രിയാത്മകമായി വെല്ലുവിളിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്

തുടര്‍ച്ചയായി പത്ത് വര്‍ഷം അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ ക്രിയാത്മകമായി വെല്ലുവിളിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല എന്നതാണ് മിക്ക സര്‍വേകളിലും പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ ഒന്നും തന്നെ ജനങ്ങളിലേക്ക് കാര്യമായി എത്തുന്നില്ല. കേരളത്തിന്റെ മുന്‍ഗണനകളുമായി ഒത്തുപോകാന്‍ യുഡിഎഫിന്റെ ദേശീയ നേതൃത്വത്തിന് സാധിക്കുന്നില്ല. കേരളത്തിനു പുറത്തെ വിദ്വേഷ വിഭജന രാഷ്ട്രീയത്തില്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെന്നാണ് ഓരോ വിലയിരുത്തലുകളിലും കാണുന്നത്. ഒരുമയുടെ കേന്ദ്രമായി കേരളം ഇന്നു നിലനില്‍ക്കുന്നതില്‍ ഇടതുപക്ഷ ഭരണത്തിന് തീര്‍ച്ചയായും വലിയ പങ്കുണ്ടെന്നാണ് പലരുടെയും അഭിപ്രായം. ശബരിമല പോലുള്ള വിഷയങ്ങളോ ബാഹ്യമായ രാഷ്ട്രീയ ആക്രമണങ്ങളോ വോട്ടര്‍മാരെ വേണ്ടത്ര സ്വാധീനിക്കുന്നില്ല. വൈകാരികതയേക്കാള്‍ പ്രായോഗികതയ്ക്കാണ് ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നത്.

കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന സര്‍വ്വേകളെല്ലാം എല്‍.ഡി.എഫിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പ് എത്ര അടുത്തായാലും ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നാണ് സര്‍വേകളില്‍ പറയുന്നത്. ഏഷ്യാനെറ്റ് അഫിലിയേറ്റഡ് സര്‍വ്വേകള്‍ പോലും കഴിഞ്ഞ തവണ എല്‍.ഡി.എഫ് 70ല്‍ അധികം സീറ്റുകളോടെ ഭരണത്തുടര്‍ച്ച നേടുമെന്നാണ് പ്രവചിച്ചത്. ഇതേ രീതിയിലാണ് ഇത്തവണയും തുടര്‍ഭരണ സാധ്യത പറയുന്നത്. ബി.ജെ.പിയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്ന ത്രികോണ പോരാട്ടത്തിലും എല്‍.ഡി.എഫിനാണ് നിലവില്‍ മുന്‍തൂക്കമെന്ന് ഓണ്‍മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടതുപക്ഷത്തിനു കീഴിലുള്ള കേരളത്തിന്റെ വികസനയാത്ര വേണോ അതോ വികസനത്തെ മുരടിപ്പിക്കുന്ന തൂക്കുസഭ വേണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ കൃത്യമായ ചോയ്‌സ് ഉണ്ടെന്നതിലേക്കാണ് ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഒരു ദശകത്തെ സുസ്ഥിര നേതൃത്വത്തിന് ശേഷം, വികസനത്തിന്റെ തുടര്‍ച്ചയ്ക്കായി എല്‍.ഡി.എഫിന് മൂന്നാം ഊഴം നല്‍കാനാണ് വോട്ടര്‍മാര്‍ കൂടുതലായി താല്‍പ്പര്യപ്പെടുന്നത് എന്നാണ് ഓരോ സര്‍വ്വേഫലവും വെളിപ്പെടുത്തുന്നു. സ്ഥാനാര്‍ഥി നിര്‍ണയവും നാമനിര്‍ദേശ പത്രികാ സര്‍മര്‍പ്പണവും പൂര്‍ത്തിയാവുന്നതോടെ കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഹാട്രിക് നേടുമോ അതോ, യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments