കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിയിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ കായാട്ടുകോണം വൃന്ദാവനത്തിൽ ജയി ജയകുമാറി (35) ന്റെ ഹൃദയമാണ് പെൺകുട്ടിക്ക് തുന്നിച്ചേർത്തത്.
• നിർണായകമായ യാത്രയും ശസ്ത്രക്രിയയും:
സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് 1.45-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട മെഡിക്കൽ സംഘം 2.40-ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാഡിൽ ഇറങ്ങി. തുടർന്ന് വെറും നാല് മിനിറ്റ് കൊണ്ട് ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. വൈകുന്നേരം 5.30-ഓടെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി. രാത്രി 9 മണിയോടെ ശസ്ത്രക്രിയ പൂർത്തിയായി. ലിസി ആശുപത്രിയിലെ 32-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. ശസ്ത്രക്രിയ കഴിഞ്ഞുള്ള അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
• അഞ്ചുവർഷം മുൻപാണ് കുട്ടിക്ക് ഹൃദയത്തിന്റെ വലതുവശത്തെ അറകൾ ക്രമാതീതമായി വികസിക്കുന്ന അസുഖം കണ്ടെത്തിയത്. കഴിഞ്ഞമാസം അവയവ സ്വീകരണത്തിനുള്ള കെ-സോട്ടോയിൽ (K-SOTTO) പേര് രജിസ്റ്റർ ചെയ്തിരുന്നു. ഹൃദയം ലഭ്യമായെന്ന അറിയിപ്പ് ലഭിക്കുമ്പോൾ കുട്ടിയുമായി കുടുംബം ചികിത്സാർത്ഥം ചെന്നൈയിലായിരുന്നു. അവിടെ നിന്ന് വിമാനമാർഗമാണ് ഇവർ കൊച്ചിയിൽ എത്തിയത്.
• അഞ്ച് പേർക്ക് പുതുജീവൻ നൽകി ജയി ജയകുമാർ:
ഹൃദയത്തിന് പുറമെ, ജയി ജയകുമാറിന്റെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രോഗികൾക്കും, മറ്റൊരു വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്കും നൽകി. നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒാഫ്താൽമോളജിയിലാണ് നൽകിയത്. വലിയൊരു സങ്കടത്തിനിടയിലും അവയവദാനത്തിന് തയ്യാറായ ജയിയുടെ അച്ഛൻ ജയകുമാറിന്റെയും അമ്മ അംബികയുടെയും തീരുമാനം മാതൃകയാണ്.


