മുക്കം: ക്യാൻസർ ബാധിതനായ സുഹൃത്തിന്റെ ചികിത്സയ്ക്കായി പണമില്ലാതെ വന്നപ്പോൾ മൈതാനത്ത് കാൽപ്പന്തുകളിയൊരുക്കി ഒരുകൂട്ടം യുവാക്കൾ. മുക്കം ചേന്ദമംഗല്ലൂർ പുൽപറമ്പ് ദർശി മൈതാനിയിലാണ് രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിനായി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. ‘കൂടപ്പിറപ്പിന്റെ ചികിത്സയ്ക്കായി’ എന്ന ടാഗ് ലൈനോടെ നടന്ന ടൂർണമെന്റിലൂടെ 8.19 ലക്ഷം രൂപയാണ് സമാഹരിച്ചത്.
• തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനാണ് ഈ ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. കളി കാണാനെത്തിയവരും നാട്ടുകാരും ഈ സംരംഭത്തെ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സമാഹരിച്ച തുക ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ബന്ന ചേന്ദമംഗലൂർ, റാഫി തച്ചമ്പറ്റ, സി.ടി അദീബ്, സുബൈർ മംഗലശ്ശേരി എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ കെ. സുബൈറിന് കൈമാറി.


