മധുരമില്ലാത്ത ഒരു ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവരാണ് നമ്മളിൽ പലരും. അത്രത്തോളമാണ് പഞ്ചസാര നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം. രാവിലെ തുടങ്ങുന്ന ചായകുടിയിൽ തന്നെ പഞ്ചസാരയുടെ ഉപയോഗം നമ്മൾ ആരംഭിക്കുന്നു. എന്നാൽ, പഞ്ചസാരയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിതെളിക്കും. ഇപ്പോഴിതാ, രോഗനിർണയം നടത്തിയ ശേഷം കാൻസർ രോഗികൾ അമിതമായ പഞ്ചസാര ഉപയോഗം ഒഴിവാക്കണമെന്ന് പറയുകയാണ് ഓങ്കോളജിസ്റ്റ് ഡോ. ജയേഷ് ശർമ.
പഞ്ചസാര കഴിക്കുന്നതിലെ പ്രശ്നങ്ങൾ
അമിതമായ പഞ്ചസാര ഉപയോഗം ഇൻസുലിൻ വർധനവിന് കാരണമാകുന്നു. ഇൻസുലിൻ എന്നത് വളർച്ചയെയും കോശ വിഭജനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഹോർമോണാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഇത്, അർബുദ കോശങ്ങളുടെ വളർച്ചയേയും സഹായിക്കുന്നു.
വീക്കം
വയറ്റിൽ കൊഴുപ്പ് അടിയുന്നതിന് അമിതമായ പഞ്ചസാരയുടെ ഉപയോഗം കാരണമാകും. ഇത് ശരീരത്തിൽ വീക്കം വർധിക്കുന്നതിന് കാരണമാകുന്നു. പല രോഗങ്ങളുടെയും മൂലകാരണമാണ് വീക്കം. കൂടാതെ, ഇത് അർബുദത്തേയും പ്രതികൂലമായി ബാധിക്കുന്നു.
കരളിലെ കൊഴുപ്പ്
മധുര പാനീയങ്ങളിലെയും പാക്കേജുചെയ്ത ജ്യൂസുകളിലെയും പഞ്ചസാര കരളിലെ കൊഴുപ്പ് വർധിപ്പിക്കുന്നു. ഇത് അർബുദ കോശങ്ങളുടെ വളർച്ചയെ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു.
എങ്ങനെ സുരക്ഷിതമായി കഴിക്കാം?
- നാം കഴിക്കുന്ന പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ ആകെ ഊർജ്ജത്തിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ പഞ്ചസാരയിൽ നിന്ന് ലഭിക്കാവൂ. ആരോഗ്യവാന്മാരായ ഇന്ത്യൻ മുതിർന്നവർക്ക് ദിവസവും ഏഴു മുതൽ എട്ടു സ്പൂൺ വരെ പഞ്ചസാര കഴിക്കാവുന്നതാണ്. എന്നാൽ, അഞ്ചോ ആറോ സ്പൂൺ കഴിക്കുന്നതാണ് ഉചിതം.
- പഞ്ചസാര അടങ്ങിയ ഭക്ഷണം മാത്രം കഴിച്ചാൽ പോരാ. ഒപ്പം, നാരുകൾ അടങ്ങിയ പഴങ്ങളും കഴിക്കണം. നാരുകൾ പഞ്ചസാരയുടെ ആഗിരണത്തെ സാവധാനത്തിലാക്കുന്നു. ഇത് ഇൻസുലിൻ്റെ അളവ് പെട്ടെന്ന് കൂടുന്നത് കുറയ്ക്കുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- ചായയിൽ പഞ്ചസാര ചേർത്ത് കുടിക്കുമ്പോൾ ഒരു സ്പൂണിൽ താഴെ മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ, ഒരു പാക്കറ്റ് ബിസ്കറ്റ് ചായയോടൊപ്പം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)


