തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനും ലീറ്ററിന് 90 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ ഇന്ന് രാവിലെ മുതൽ നിലവിൽ വന്നു.
തുടർച്ചയായുള്ള വില വർധനവോടെ തിരുവനന്തപുരത്ത് ഡീസൽ വില 100 കടന്നു. ഇവിടെ പെട്രോൾ വില 111 രൂപ 71 പൈസയായി ഉയർന്നിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയും, ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയുമാണ്.
അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് സംസ്ഥാനത്ത് ഇന്ധനവില കൂട്ടുന്നത്. കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് മൂന്നു രൂപ വീതം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 90 പൈസയുടെ വർധനവ് ഉണ്ടായിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഉൾപ്പെടെ ഇത് കാരണമാകുമെന്ന വലിയ ആശങ്കയിലാണ് ജനങ്ങൾ.

