back to top
Tuesday, May 12, 2026
Homeകായികംഐപിഎല്ലിൽ വീണ്ടും വൈഭവ് മാജിക്; സൺറൈസേഴ്‌സിനെതിരെ 36 പന്തിൽ സെഞ്ചുറിയുമായി കൗമാരതാരം

ഐപിഎല്ലിൽ വീണ്ടും വൈഭവ് മാജിക്; സൺറൈസേഴ്‌സിനെതിരെ 36 പന്തിൽ സെഞ്ചുറിയുമായി കൗമാരതാരം

ജയ്പുർ: ഐപിഎല്ലിൽ തകർപ്പൻ പ്രകടനം തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വെറും 36 പന്തിൽ സെഞ്ചുറി തികച്ചാണ് വൈഭവ് വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ആദ്യ ഓവറുമുതൽ വെടിക്കെട്ട് നടത്തിയ വൈഭവ് 15 പന്തിൽ ഫിഫ്റ്റി തികച്ചിരുന്നു. പിന്നാലെ അതിവേഗം മൂന്നക്കം തികച്ചാണ് താരം മടങ്ങിയത്. സീസണിൽ ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ തന്നെ നേരിട്ട ആദ്യ പന്തിൽ പുറത്താക്കിയ പ്രഫുൽ ഹിംഗെയ്ക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ടാണ് വൈഭവ് ഇന്നിങ്സിന് തുടക്കമിട്ടത്. ഹിംഗെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തുടർച്ചയായി 4 സിക്സറുകളാണ് താരം പറത്തിയത്.

സീസണിലെ ആദ്യ മുഖാമുഖത്തിൽ എസ്.ആർ.എച്ച് ഉയർത്തിയ 217 റൺസ് പിന്തുടരുന്നതിനിടെ, വൈഭവിനെ ആദ്യ പന്തിൽ തന്നെ ഹിംഗെ വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിച്ചിരുന്നു. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് തുടങ്ങിയ വമ്പന്മാരെ അടിച്ചുപറത്തിയ വൈഭവിനെ വീഴ്ത്തിയത് ഹിംഗെയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു നൽകിയത്. എന്നാൽ ജയ്പുരിൽ വീണ്ടും മുഖാമുഖം വന്നപ്പോൾ വൈഭവ് പകരംവീട്ടി. ആദ്യ ഓവർ എറിയാനെത്തിയ ഹിംഗെയുടെ ആദ്യ പന്തിൽ യശസ്വി ജയ്‌സ്വാൾ സിംഗിളെടുത്തു. പിന്നീട് സ്ട്രൈക്കിലെത്തിയ വൈഭവ് നേരിട്ട ആദ്യ പന്തിൽ റണ്ണെടുക്കാനായില്ലെങ്കിലും പിന്നീടുള്ള നാല് പന്തുകളും അതിർത്തികടത്തി. ആദ്യ ഓവറിൽ പിറന്നത് 25 റൺസായിരുന്നു.

പിന്നാലെ വെടിക്കെട്ട് തുടർന്ന പതിനഞ്ചുകാരൻ 36 പന്തിൽ സെഞ്ചുറി തികച്ചു. ഈ ഇന്നിങ്‌സിലൂടെ വൈഭവ് ഒട്ടേറെ ഐപിഎൽ റെക്കോഡുകളും സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ മൂന്നാമത്തെ അതിവേഗ സെഞ്ചുറിയാണിത്. 30 പന്തിൽ സെഞ്ചുറി തികച്ച വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് അതിവേഗ സെഞ്ചുറിയുടെ റെക്കോഡ്. പട്ടികയിൽ രണ്ടാമതും വൈഭവ് തന്നെയാണ് (2025 ൽ 35 പന്തിൽ സെഞ്ചുറി നേടിയിരുന്നു). ഐപിഎല്ലിൽ 40 പന്തിൽ താഴെ രണ്ട് തവണ സെഞ്ചുറി നേടുന്ന ആദ്യ താരമായും വൈഭവ് മാറി. കൂടാതെ, ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി (12 സിക്‌സറുകൾ). 103 റൺസെടുത്ത താരത്തിന്റെ 92 റൺസും പിറന്നത് ബൗണ്ടറികളിൽ നിന്നാണ്. 12 സിക്‌സറും അഞ്ച് ഫോറുകളും പറത്തിയ വൈഭവ് വെറും 11 റൺസ് മാത്രമാണ് ഓടിയെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments