തലശ്ശേരി: കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ജാസ്മിൻ സി.സിക്കും ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസേഴ്സിനും മികച്ച വിജയം. ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബും ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ നടന്ന ആദ്യ മത്സരത്തിൽ ജാസ്മിൻ സി.സി നാല് വിക്കറ്റിന് ടെലിച്ചറി ടൗൺ സി.സി ക്ലൗഡ്ബെറിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ടൗൺ സി.സി ക്ലൗഡ്ബെറി നിശ്ചിത 18 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. 44 റൺസെടുത്ത എൻ.എസ് ആര്യനന്ദയാണ് ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ജാസ്മിൻ സി.സി 17 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്ത് വിജയലക്ഷ്യം കണ്ടു. അഭിന മാർട്ടിൻ 30 റൺസെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച വി.എസ് മൃദുലയെ കളിയിലെ താരമായും, ആർ.വി അൻവിതയെ ഇംപാക്ട് താരമായും തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന ആവേശകരമായ രണ്ടാമത്തെ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസേഴ്സ് അഞ്ച് റൺസിന് റൈഡേഴ്സ് ഫിറ്റ്നസ് സി.സിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ക്രൈസ്റ്റ് കോളേജ് 17 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെടുത്തു. കെ.എസ് സായൂജ്യ (26) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. റൈഡേഴ്സിനായി അനുശ്രീ അനിൽകുമാർ നാല് വിക്കറ്റ് വീഴ്ത്തി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ റൈഡേഴ്സ് ഫിറ്റ്നസ് സി.സിക്ക് 17 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ റെയ്ന റോസിന്റെ പ്രകടനമാണ് ക്രൈസ്റ്റ് കോളേജിന് വിജയം സമ്മാനിച്ചത്. റൈഡേഴ്സിനായി സൂര്യ സുകുമാർ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. റെയ്ന റോസ് കളിയിലെ താരമായും അനുശ്രീ അനിൽകുമാർ ഇംപാക്ട് താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച (26/04/2026) രാവിലെ നടക്കുന്ന മത്സരത്തിൽ ബി.കെ 55 സുൽത്താൻ സിസ്റ്റേഴ്സ് കോസ്മോസ് സി.സി നെസ്റ്റിനെയും, ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തിൽ ടെലിച്ചറി ടൗൺ സി.സി ക്ലൗഡ്ബെറി റൈഡേഴ്സ് ഫിറ്റ്നസ് സി.സിയെയും നേരിടും.

